Friday, November 18, 2011

പലായനം ചെയ്യുന്നവർ

പൊള്ളുന്ന പനിച്ചൂടിൽനിന്നും ഞാൻ കിതച്ചു കൊണ്ട്‌ ഓടിക്കയറിയത്‌ തണുപ്പിച്ച ഒരു തീവണ്ടിമുറിയുടെ ആലസ്യത്തിലേക്കാണ്‌.ഞാൻ- സിദ്ധാർത്ഥൻ...മലയാളത്തിലെ എണ്ണം പറഞ്ഞ,കീഴ്‌വഴക്കങ്ങളെ കാറ്റിൽപ്പറത്തിയ നാലഞ്ച്‌ സിനിമകളുടെ രചയിതാവ്‌...ഇപ്പോൾ, വാങ്ങിയ മുൻപണത്തിന്റെ ബാദ്ധ്യതയിൽ അടുത്ത സൂപ്പർഹിറ്റിന്റെ കഥാബീജം തേടി നാടുവിടുന്നു.തിരക്കഥയൊരുക്കൽ വൃത്തികെട്ടൊരു പണിയാണ്‌.കണിശമായ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടു തന്നെ സോഫ്റ്റ്‌വെയർ എഞ്ചിനിയറെയും വാർക്കപ്പണിക്കാരനേയും ഒരുപോലെ രണ്ടോ,രണ്ടേകാലോ മണിക്കൂറുകൾ രസിപ്പിച്ചിരുത്തണം.ആ രസച്ചരടു പൊട്ടിയാൽ,പ്രേക്ഷകൻ എന്ന രാജാവ്‌ പണമിറക്കിയ നിർമ്മാതാവിനേക്കാൾ അസ്വസ്ഥനാവും.കൂർത്തു മൂർത്ത തെറിവാക്കുകൾ കൊണ്ട്‌ അവൻ സിനിമ എഴുതിയവന്റെയും,എടുത്തവന്റെയും കടന്നു പോയ തലമുറകളെയും,വരാനിരിക്കുന്ന തലമുറകളെയും പുലഭ്യം പറയും...നിലാവു തെളിഞ്ഞ രാത്രിയിൽ സ്വന്തം അസ്ഥിത്വം തിരിച്ചറിഞ്ഞ നീലക്കുറുക്കനെപ്പോലെ ഓരിയിടും...പടം കണ്ടിറങ്ങി,അത്‌ എത്‌ വിദേശ സിനിമയുടെ അനുകരണമാണെന്നറിയാൻ ഇന്റർനെറ്റിന്റെ വലക്കണ്ണികളിൽ കുടുങ്ങിപ്പിടയും...
തിരക്കഥയെഴുത്ത്‌ ഒരു നശിച്ച പണിയാണ്‌....ജ്വരത്തിന്റെ വിത്തുകൾ പൂർണ്ണമായും ഉണങ്ങിയമർന്നിട്ടില്ല....കാൽപടത്തിൽ ആഞ്ഞ്കൊത്താൻ തക്കം പാർത്തു മയങ്ങിക്കിടക്കുന്ന ശംഖുവരയൻ പാമ്പിനെപ്പോലെ അത്‌ എന്നിലെവിടെയോ പടമമർത്തിക്കിടപ്പുണ്ട്‌...ഞാൻ ഒന്ന്‌ മയങ്ങട്ടെ....

കുന്തിരിക്കത്തിന്റെ നേർത്ത സുഗന്ധം.അതെവിടെ നിന്നു വന്നെന്നു മനസിലായില്ല...

"എവിടെ പോകുവാ കുഞ്ഞേ??"
അപ്പർ ബർത്തിൽ നിന്ന്‌ സൗമ്യമായ ആ ചോദ്യം കേട്ടാണ്‌ കഷ്‌ടപ്പെട്ട്‌ കൺപോളകൾ വലിച്ചു തുറന്നത്‌...ആരെന്ന്‌ മനസിലായില്ല...ഈർഷ്യയാണ്‌ തോന്നിയത്‌.ഞാനെവിടെപ്പോയാൽ ഇയാൾക്കെന്ത്‌?

"എന്ത്‌ ചെയ്യുവാ?"

ശല്യം...ഉറങ്ങാനും സമ്മതിക്കില്ലേ?സിനിമാക്കാരനാണെന്ന്‌ മിണ്ടണ്ട....അടുത്ത പടമൊന്നുമായില്ലേ എന്നാവും അടുത്ത ചോദ്യം...അതുമല്ലെങ്കിൽ അഭിനയിക്കാനുള്ള ചാൻസ്‌....ആ ചോദ്യം അവഗണിക്കുന്ന മട്ടിൽ ഞാൻ ചെരിഞ്ഞു കിടന്നു.

"ഒളിച്ചോടിപ്പോകുവാ അല്ല്യോ? അടുത്ത ചോദ്യം

മറ്റുള്ളവന്റെ സ്വകാര്യതകളിൽ മൂക്കുകട.ി‍ ചികയുന്ന മലയാളിയുടെ മാത്രം ദുഃശീലം.
അസഹ്യതയോടെ ഞാൻ എഴുന്നേറ്റു.

മനസ്സിലെ ഈറ മൊത്തം ആ മുഖം കണ്ടപാടെ,പക്ഷേ എന്നിൽ നിന്നും ഒലിച്ചു പോയി.ചെമ്പിച്ച്‌ നീണ്ട ശ്‌മശ്രുക്കളും,തളർന്ന കണ്ണുകളും,ശാന്തമായ പുഞ്ചിരിയും.

"അതെന്താ അങ്ങനെ ചോദിച്ചത്‌?"

"ചുമ്മാ...."അപ്പർ ബെർത്തിൽ നിന്നും തല മാത്രം പുറത്തേക്കിട്ട്‌ കിടന്നയാൾ ചിരിച്ചു.

"എങ്ങോട്ടാ?" സാമാന്യമര്യാദകളുടെ ഉപ്പും,കുരുമുളകും വിതറി ഞാൻ ചോദിച്ചു.
അയാൾ ചിരിച്ചു.

"ഒളിച്ചോടിപ്പോകുവാ..."

"എന്ത്‌ ചെയ്യ്വ‍ാ?" എന്നിൽ നിന്ന്‌ അറിയാതെ വാർന്നു വീണ അടുത്ത ചോദ്യം.

അയാൾ വീണ്ടും ചിരിച്ചു.

"മരപ്പണിയായിരുന്നു...ഇപ്പോൾ പ്രത്യേകിച്ചു പണിയൊന്നുമില്ല...മഞ്ഞു പെയ്യുന്ന കാലത്ത്‌ പുൽക്കൂട്ടിൽ പ്രദർശനവസ്‌തുവായിക്കിടക്കണം...ഉഷ്‌ണിച്ചൊഴുകുന്ന വേനൽക്കാലത്ത്‌ ശവമായി അഭിനയിച്ച്‌ ഊരു ചുറ്റണം...കാലിത്തൊഴുത്തിൽ ജനിച്ച എന്റെ പേരും പറഞ്ഞ്‌ ബാക്കിയുള്ളവർ ആ മിണ്ടാപ്രാണികളെ കശാപ്പ്‌ ചെയ്‌ത്‌ തിന്നുന്നതും,കുടിച്ച്‌ ഓടയിൽ കിടക്കുന്നതും കാണ്വേം വേണം... ആരും അറിയാത്ത എങ്ങോട്ടേലും പോകുവാ..."

നീണ്ടു തളർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പി.

"അതും പോരാഞ്ഞ്‌ ചേരി തിരിഞ്ഞ്‌ തമ്മി.ല്ലും...പണ്ടായിരുന്നേൽ ചമ്മട്ടിയെടുത്ത്‌ എല്ലാറ്റിനേം തല്ലി പുറത്താക്കിയേനേം...മടുത്തു കുഞ്ഞേ...എന്നാത്തിനാ ഇങ്ങനെ ഒരു ജന്മം?"

ദൈവപുത്രൻ വേദന കടിച്ചമർത്തിയൊന്ന്‌ ചിരിച്ചു...പണ്ട്‌ യൂദാസ്‌ ഒറ്റിയപ്പോൾ ചിരിച്ച അതേ ചിരി...

"അത്‌ സത്യം..."

അപ്പുറത്തെ സിംഗിൾ സീറ്റിൽ ഇരുന്ന ഇരുണ്ട നിറമുള്ളയാൾ പിന്താങ്ങി....

ഇയാളെവിടുന്നു വന്നു? അവസാന നിമിഷം ഓടിക്കയറിയതിന്റെ ധൃതിയിൽ ശ്രദ്ധിക്കാഞ്ഞതാവണം...

കാവിയുടുത്ത്‌,തലയിൽ ഒരു തോർത്ത്‌ ചെവി മൂടിക്കെട്ടിയിട്ടുണ്ട്‌,ഇരുണ്ട നിറമാണെങ്കിലും,ഐശ്വര്യമുള്ള,ക്ലീൻ ഷേവ്‌ ചെയ്‌ത മുഖം,നെറ്റിയിൽ കളഭക്കുറി.എവിടെയോകണ്ടു മറന്ന മുഖമെന്ന്‌ തോന്നി.

"ചേട്ടന്റെ പേരെന്താ?"

സംഭാഷണത്തിൽ പങ്കു ചേർന്നയാളെ സ്വാഗതം ചെയ്യുന്ന മട്ടിൽ ഞാൻ ചോദിച്ചു.

"ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിക്കാൻ ഇപ്പോ പേടിയാണ്‌ അനിയാ...എന്റെ ഈയൊരു പേരു കാരണം നാട്ടിലുണ്ടായ പുകിലുകൾ പറയണ്ട..." വശ്യമായ പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

"അതെന്തു പേരാ ചേട്ടാ...?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല...

അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു,ചുറ്റും നോക്കി,ഒരു രഹസ്യം മന്ത്രിക്കുന്ന പോലെ അയാൾ പറഞ്ഞു : "രാമൻ!"

"പത്തിരുപത്‌ കൊല്ലം മുമ്പ്‌ വരെ പവിത്രമായൊരു പേരായിരുന്നു എന്റേത്‌...പിന്നെ,തരം തിരിഞ്ഞ്‌ ചോരയൊഴുക്കാനും,മന്ത്രിസഭകൾ തള്ളിയിടാനും,പുതിയത്‌ ഉണ്ടാക്കാനും മാത്രമായി ഈ പേരിന്റെ ഉപയോഗം...ഞാനും ഒരു നാട്‌ ഭരിച്ചിരുന്നവനാ...പക്ഷേ ഇതങ്ങന്യാ...വൃത്തികേട്‌..."

ഞാൻ പതിയെ അപ്പർബർത്തിൽ കിടക്കുന്ന ദൈവപുത്രനെ നോക്കി...പാവം!
കുഞ്ഞാടുകളുടെ കൊമ്പുകോർക്കലുകളിൽ നിന്നും,ഗ്വാ ഗ്വാ വിളികളിൽ നിന്നും രക്ഷപ്പെട്ട്‌ പാവം ഇടയൻ മയങ്ങുന്നു.

അറ്റന്റർ ചായയുമായി വന്നു.ഞാൻ രണ്ടെണ്ണം വാങ്ങി.ഒരെണ്ണം കാവിയുടുത്ത ദൈവത്തിനു നൽകി.

"വേണ്ടായിരുന്നു..." ഔപചാരികത കലർന്ന സ്വരത്തിൽ മര്യാദാപുരുഷോത്തമൻ പറഞ്ഞു.

"സാരല്ല്യ...കുടിച്ചോളൂ..." അച്ഛൻ പണ്ട്‌ നെഞ്ചിൽ കിടത്തി പറഞ്ഞു തന്ന കഥയിലെ ശക്‌തനായ രാജകുമാരനെ ഞാൻ അറിയാതെ ഓർത്തു.ശൈവചാപം കുലച്ച്‌ ജാനകിയുടെ ഹൃദയം കവർന്ന അതേ ആൾ തന്നെയാണോ ഇത്‌...കുടിപ്പകയുടെയും,കലാപങ്ങളുടെയും ചൂടും പുകയുമേറ്റ്‌ വാടി വിയർത്ത്‌ ദുർബലമനസ്കനായി ഇരുന്ന്‌ ഈ കാലിച്ചായ കുടിയ്ക്കുന്നയാൾ???

ഞങ്ങളുടെ തീവണ്ടിയെ ഒരു തുരങ്കം വിഴുങ്ങി.വണ്ടിയുടെ കൃത്യമായ താളം ഇപ്പോൾ ഏതോ ഒരു അസുരവാദ്യത്തിന്റെ ഹുങ്കാരമായി മാറി.ഡോർ തുറന്ന്‌ രണ്ടു പേർ കൂടെ അകത്തേക്ക്‌ വന്നു.ഇരുചെന്നികളിലും കഷണ്ടി ആക്രമിച്ചു തുടങ്ങിയ, കട്ടിമീശയും, പ്രശസ്‌തമായ ബ്രിട്ടിഷ്‌ യൂണിവേഴ്‌സിറ്റിയുടെ എംബ്രോയിഡ്രറിയുള്ള കോട്ടുമണിഞ്ഞ ഒരാൾ, കാഴ്ചയ്ക്ക്‌ ഒരു ഗുജറാത്തി ബിസിനസ്സുകാരനെപ്പോലെ തോന്നിച്ചു.കാക്കിനിറമുള്ള സഫാരി സ്യൂട്ടണിഞ്ഞ്‌,മുടി ചെറുതായി വെട്ടി, ക്ലീൻ ഷേവ്‌ ചെയ്‌ത അപരൻ കയ്യിലെ പേപ്പർ കാപ്പിൽ നിന്ന്‌ കാപ്പി മൊത്തി കുടിയ്ക്കുന്നു.
ഞാൻ എഴുന്നേറ്റിരുന്നു.പനി ചെറുതായി കൂടിയിട്ടുണ്ടോ? ആകെ ഒരു വല്ലായ്‌മ.

എതിരെയുള്ള സിംഗിൾ സീറ്റിൽ രണ്ടു കാലുകളും ഉയർത്തി വെച്ചു വിശ്രമിക്കുന്ന രാമൻ ആരാ വന്നതെന്നറിയാൻ പതിയെ തല തിരിച്ചു നോക്കി.

അദ്ദേഹത്തെ കണ്ട്‌ ആഗതർ ഓടി അരികിലെത്തി.സ്‌നേഹത്തോടെ ഇരു കൈകളും കവർന്ന്‌ കോട്ടണിഞ്ഞ മദ്ധ്യവയസ്കൻ ആദരവോടെ മൊഴിഞ്ഞു :

"ഞാൻ മോഹൻദാസ്‌...ഇത്‌ നാഥുറാം... വലിയൊരാഗ്രഹമായിരുന്നു ഒന്നു കാണണമെന്ന്‌...
രണ്ടാൾക്കും"

അത്‌ ശരി വെയ്ക്കുന്ന മട്ടിൽ നാഥുറാം നിന്നു.

രാമൻ ചെറിയൊരു അമ്പരപ്പോടെ ചോദിച്ചു : "അല്ല...നിങ്ങൾ തമ്മിലെങ്ങനെ...?"

"അതെ, അതെങ്ങനെ ശരിയാവും?" ഞാനും അറിയാതെ ചോദിച്ചു പോയി.

കട്ടിമീശക്കാരൻ എന്നെ നോക്കി അതിമനോഹരമായൊന്ന്‌ പുഞ്ചിരിച്ചു.ദിവസവും പലവട്ടം,പല നിറങ്ങളിൽ ഞാൻ കാണുന്ന അതേ പുഞ്ചിരി.

"സുഹൃത്തേ.,ശത്രുക്കളെന്ന്‌ നമ്മൾ കരുതുന്നവർ യഥാർത്ഥ ശത്രുക്കളായിക്കൊള്ളണമെന്നില്ല...അതു പോലെ തന്നെ മിത്രങ്ങളും...നാഥുറാം എന്നെ രക്ഷിക്കുകയല്ലേ ചെയ്‌തത്‌?ഇയാൾ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഞാനെന്തൊക്കെ കാണണ്ടി വന്നേനേ? പണ്ടത്തെ പോലെ വയ്യ...ഇതൊന്നും കാണാനും,താങ്ങാനും..."

"ഇപ്പോ എങ്ങോട്ടാ രണ്ടാളും?"...ഞാൻ ചോദിച്ചു.
ദൈവപുത്രൻ നല്ല ഉറക്കമായി കഴിഞ്ഞിരുന്നു.
ദൈവം പുറമേ ഓടിമറയുന്ന കാഴ്ചകളിൽ കണ്ണു നട്ടിരിക്കുന്നു...

പാവങ്ങൾ!

തീ തുപ്പുന്ന സ്വന്തം വിശ്വാസികളിൽ നിന്ന്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസം.

"ഡെൽഹിക്ക്‌"...മഹാത്‌മാവ്‌ പറഞ്ഞു....
ഞാൻ ചോദ്യഭാവത്തിൽ അദ്ദേഹത്തെ നോക്കി.

"ഒരു പരാതി കൊടുക്കണം എനിക്ക്‌...ഇയാൾ എന്റെ കൂടെ ഒരു കൂട്ടിന്‌..." മഹാത്മാവ്‌ നാഥുറാമിനെ നോക്കിപ്പറഞ്ഞു.

'എന്തു പരാതി' എന്ന മട്ടിൽ ഞാൻ അദ്ദേഹത്തെ നോക്കി.

എന്റെയാ ചോദ്യം മനസിലാക്കിയെന്ന പോലെ മഹാത്‌മാവ്‌ വീണ്ടും ചിരിച്ചു.

"മില്ല്യൺ ഡോളർ സ്‌മൈൽ"...ഞാൻ മനസിൽ പറഞ്ഞു.

" എന്റെ ചിരി പോലും അമേരിക്കൻ പണത്തിലേ അളക്കൂ അല്ലേ?"- എന്റെ മനസു വായിച്ച പോലെ മഹാത്‌മാവ്‌ എന്നോട്‌ ചോദിച്ചു.

ഞാൻ ഒന്ന്‌ പരുങ്ങി.

"എന്തു പരാതീന്ന്‌ പറഞ്ഞില്ല"- ഞാൻ എന്റെയാ ചോദ്യം കൊണ്ട്‌ ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു.

പോക്കറ്റിൽ നിന്ന്‌ ഒരു ആയിരം രൂപാ നോട്ടെടുത്ത്‌ മഹാത്‌മാവ്‌ എന്റെ മുഖത്തിനു നേരെ നിവർത്തിപ്പിടിച്ചു.

"സൗജന്യമായി.രുന്ന ഈ ബഹുമാനം വേണ്ടാന്ന്‌ പറയാൻ പോവ്വാ...ചോരയും,അഴിമതിയും ലൈവായി കണ്ട്‌ കണ്ട്‌ തല പെരുത്തുതുടങ്ങി..എല്ലാത്തിനും ഇപ്പോ ദൃക്‌സാക്ഷി ഞാനാണല്ലോ....വയ്യാണ്ടായി...I'm bloody fed up boy!!!

മഹാത്‌മാവ്‌ വേദനയോടെ തലകുനിച്ചു.

നന്ദിയും,സ്‌മരണയും ഇല്ലാത്ത ഒരു ജനതയ്ക്ക്‌ വേണ്ടി ഒരു ജന്മം പാഴാക്കിക്കളഞ്ഞതിന്റെ വ്യഥയിൽ ഒരു തുള്ളി കണ്ണീർ നിലത്തേക്കിറ്റു വീണു.

സമാധാനിപ്പിക്കുന്ന മട്ടിൽ നാഥുറാം അദ്ദേഹത്തിന്റെ ചുമലിൽ കയ്യമർത്തി.

ഞാൻ പതിയെ സീറ്റിൽ കിടന്നു.അദൃശ്യമായ ഒരു ഉഷ്‌ണമാപിനിയിൽ എന്റെ ജ്വരം തിളച്ചുയരുന്നത്‌ ഞാനറിഞ്ഞു..

ഏതൊക്കെയോ സ്ഥലങ്ങളിൽ തീവണ്ടി ഞരങ്ങി നിന്നു...ആളുകൾ ഞാനിരിക്കുന്ന കമ്പാർട്ട്‌മെന്റിലേക്ക്‌ ഇരച്ചു കയറി.എല്ലാം പലായനം ചെയ്യുന്നവർ... അനുയായികളിൽ നിന്നും,വിശ്വാസികളിൽ നിന്നും രക്ഷ തേടുന്നവർ...